രായിരനെല്ലൂർ മല
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം നടുവട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധവും ഐതിഹ്യനിർഭരവുമായ ഒരു പുണ്യകേന്ദ്രമാണ് രായിരനെല്ലൂർ മല. പറയിപെറ്റ പന്തിരുകുലത്തിലെ പ്രമുഖനായ നാറാണത്ത് ഭ്രാന്തന്റെ വിഹാര രംഗമായിരുന്ന ഈ മലനിരകൾ ദക്ഷിണ മലബാറിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. നാറാണത്ത് ഭ്രാന്തൻ മലമുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റുകയും മുകളിലെത്തിച്ച ശേഷം താഴേക്ക് തള്ളിവിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന ഇടമാണിത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മലമുകളിൽ കല്ലുമായി നിൽക്കുന്ന ഭ്രാന്തന്റെ കൂറ്റൻ ശില്പം ഇവിടുത്തെ പ്രധാന ആകർഷണമാണ്.എല്ലാ വർഷവും തുലാം മാസം ഒന്നാം തീയതി ആയിരക്കണക്കിന് ഭക്തരാണ് പ്രാർത്ഥനകളോടെ രായിരനെല്ലൂർ മല കയറാൻ എത്തിച്ചേരുന്നത്.